ALLOTMENT OF
SYMBOLS
|
തിരഞ്ഞെടുപ്പ്
നടത്തിപ്പു ചട്ടങ്ങളിലെ ചട്ടം 12 ലാണ് തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് അനുവദിക്കേണ്ട
ചിഹ്നങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്. ചട്ടം 12 ലെ ഒന്നാം ഉപചട്ടം
അനുസരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഗസറ്റ് വിജ്ഞാപനംമൂലം ചിഹ്നങ്ങളുടെ
ലിസ്റ്റ് പ്രസിദ്ധപ്പെടുത്തേണ്ടതും ആ ലിസ്‌റ്റിൽ നിന്നും വരണാധികാരി, മത്സരിക്കുന്ന
സ്ഥാനാർത്ഥികൾക്ക് പ്രഥമഗണനാർഹമായ ചിഹ്നങ്ങൾ നിശ്ചയിച്ചു നൽകേണ്ടതുമാണ്. സംസ്ഥാന തിരഞ്ഞെടുപ്പു
കമ്മീഷൻ 2017 ൽ ചിഹ്നങ്ങൾ അനുവദിക്കുന്നതിനുള്ള നിബന്ധനകൾ
ഉൾപ്പെടുത്തി സിംബൽസ് ഓർഡർ പുറപ്പെടുവിച്ചിട്ടുണ്ട്. (സിംബൽസ് ഓർഡർ
വരണാധികാരികൾക്കുള്ള 2020 ലെ കൈപുസ്തകത്തിലെ 183 മത്തെ
പേജിൽ കൊടുത്തിട്ടുണ്ട്). ആ ഉത്തരവിലെ ഖണ്ഡിക 7 നൽകുന്ന
അധികാരം വിനിയോഗിച്ച് 06.11.2020 ൽ 278/2020/SEC [ഡൗൺ ലോഡ് ചെയ്തു കാണുക] നമ്പർ ഗസറ്റു വിജ്ഞാപന പ്രകാരം നാല് പട്ടികകളായി, രാഷ്ട്രീയ പാർട്ടികളുടെയും തിരഞ്ഞെടുപ്പിൽ
മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് അനുവദിക്കാവുന്ന ചിഹ്നങ്ങളുടെയും, ഏറ്റവും പുതിയ ലിസ്റ്റ് കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അവ ചുവടെ കൊടുക്കുന്നു. പട്ടിക ഒന്ന് - ദേശീയ
പാർട്ടികളുടെ പേരും ഓരോ ദേശീയ പാർട്ടിക്കും മാത്രമായി റിസർവ് ചെയ്തിട്ടുള്ള
ചിഹ്നങ്ങളും. പട്ടിക രണ്ട് - കേരളത്തിലെ
സ്റ്റേറ്റ് പാർട്ടികളുടെ പേരും കേരളത്തിലെ ഓരോ സ്റ്റേറ്റ് പാർട്ടിക്കും മാത്രമായി
റിസർവ് ചെയ്തിട്ടുള്ള ചിഹ്നങ്ങളും. പട്ടിക മൂന്ന് - മറ്റ് സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ
പ്രദേശങ്ങളിലെയും സ്റ്റേറ്റ് പാർട്ടികൾ, കേരള
നിയമസഭയിലോ, കേരളത്തിലെ ഏതെങ്കിലും തദ്ദേശ സ്വയംഭരണ
സ്ഥാപനത്തിലോ ഒരു അംഗമെങ്കിലുമുള്ള രജിസ്‌ട്രേഡ് അൺ റെക്കഗ്നൈസ്ഡ് പാർട്ടികൾ
എന്നിവയുടെ പേരുകളും ആ ഓരോ പാർട്ടിക്കും മാത്രമായി അലോട്ട് ചെയ്തിട്ടുള്ള
ചിഹ്നങ്ങളും. പട്ടിക നാല് - സ്വതന്ത്ര
സ്ഥാനാർത്ഥികൾക്കും കേരള നിയമസഭയിലോ, കേരളത്തിലെ
ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലോ ഒരു അംഗമെങ്കിലുമില്ലാത്ത രജിസ്‌ട്രേഡ്
അൺറെക്കഗ്നൈസ്ഡ് പാർട്ടികൾക്കും അനുവദിക്കേണ്ട സ്വതന്ത്ര ചിഹ്നങ്ങൾ. ഒരു മണ്ഡലത്തിൽ
ഇത്തരത്തിലുള്ള രജിസ്‌ട്രേഡ് അൺറെക്കഗ്നൈസ്ഡ് പാർട്ടികൾക്ക്
സ്ഥാനാർഥിയുണ്ടെങ്കിൽ അവർക്ക് മുൻഗണന നൽകിയിട്ടുള്ള സ്വതന്ത്ര ചിഹ്നം അവർക്കു
തന്നെ നൽകണം. സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് തങ്ങളുടെ നോമിനേഷൻ
പേപ്പറിൽ, പട്ടിക നാലിലെ സ്വതന്ത്ര ചിഹ്നങ്ങളിൽ നിന്ന്, മൂന്ന് ചിഹ്നങ്ങൾ മുൻഗണനാക്രമത്തിൽ രേഖപെടുത്താം.
ഒന്നിൽ കൂടുതൽ സ്ഥാനാർത്ഥികൾ ഒരേ ചിഹ്നത്തിന് വേണ്ടി മുൻഗണന രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ
വരണാധികാരി, ബന്ധപ്പെട്ട സ്ഥാനാർത്ഥികൾക്ക് നോട്ടീസ് നൽകിയശേഷം
ഏതു സ്ഥാനാർത്ഥിക്കാണ് ആ ചിഹ്നം കൊടുക്കേണ്ടതെന്ന് കുറിയിട്ട് തീരുമാനിക്കേണ്ടതാണ്. ഒന്നിലധികം നോമിനേഷനുകൾ ഒരു സ്ഥാനാർഥിക്കു വേണ്ടി
ലഭിച്ചിട്ടുണ്ടെങ്കിൽ ആദ്യത്തെ നോമിനേഷനിലെ ചിഹ്നങ്ങളായിരിക്കും അലോട്ട്മെന്‍റിന് പരിഗണിക്കുന്നത്. സ്ഥാനാർത്ഥിക്ക് ഏതെങ്കിലും രാഷ്ട്രീയ
പാർട്ടികളുമായി ബന്ധമുണ്ടെങ്കിൽ നോമിനേഷൻ
പേപ്പറിൽ അതും ആ രാഷ്ട്രീയ പാർട്ടിക്ക് റിസർവ് ചെയ്തിട്ടുള്ളതോ അലോട്ട്
ചെയ്തിട്ടുള്ളതോ ആയ ചിഹ്നവും രേഖപ്പെടുത്തേണ്ടതാണ്. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാനത്തെ ദിവസം
ഉച്ചക്കുശേഷം മൂന്ന് മണി കഴിയുന്നതിനു മുൻപ് അതാതു രാഷ്ട്രീയ പാർട്ടികളുടെ
സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിക്കാൻ അധികാരപെട്ടയാൾ, ആ സ്ഥാനാർഥി തങ്ങളുടെ പാർട്ടിക്ക് അവകാശപ്പെട്ട
ചിഹ്നം ലഭിക്കാൻ അർഹത പെട്ടയാളാണെന്ന, നോട്ടീസ്
(പ്രത്യേക മാതൃക നിശ്ചയിച്ചിട്ടില്ല) വരണാധികാരി മുൻപാകെ സമർപ്പിക്കേണ്ടതാണ്. ഈ നോട്ടീസിൽ അധികാരപ്പെട്ട വ്യക്തി നേരിട്ട്
ഒപ്പുവച്ചിരിക്കേണ്ടതാണ്. ഒപ്പിന്‍റെ സീലോ
ഫോട്ടോകോപ്പിയോ പകർപ്പുകളോ പാടില്ല. നോമിനേഷൻ പേപ്പറിൽ രാഷ്ട്രീയ കക്ഷി ബന്ധമോ അവരുടെ ചിഹ്നമോ രേഖപ്പെടുത്താത്ത
സ്വതന്ത്ര ചിഹ്നങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ
കക്ഷികളുടെ അധികാരപ്പെട്ട വ്യക്തിയിൽ നിന്ന് മേൽ പറഞ്ഞ നോട്ടീസ് നിശ്ചിത
സമയത്തിനകം ലഭിച്ചാൽ ആ രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നം നൽകാവുന്നതാണ്.
സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിക്കുന്നതിന് ഒരിക്കൽ നൽകിയിട്ടുള്ള നോട്ടീസ്, സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാനത്തെ ദിവസം
ഉച്ചക്കു ശേഷം മൂന്ന് മണി കഴിയുന്നതിനു മുൻപായി, പിൻവലിക്കാൻ
വരണാധികാരി മുമ്പാകെ നോട്ടീസ് നൽകുവാനും അധികാരപ്പെട്ട
വ്യക്തിക്ക് കഴിയും. ഏതെങ്കിലും സ്വതന്ത്ര സ്ഥാനാർത്ഥി ചോദിച്ചിട്ടുള്ള
ചിഹ്നം മറ്റാരും ചോദിച്ചിട്ടില്ലെങ്കിൽ ആ ചിഹ്നം തന്നെ
അയാൾക്ക് നൽകണം. ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും ഒന്നിലധികം സ്ഥാനാർഥികൾക്കായി ഒരേ ചിഹ്നത്തിനുള്ള
നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിൽ ചിഹ്നം സംബന്ധിച്ച നോട്ടീസ്
ആദ്യം ഹാജരാക്കിയ സ്ഥാനാർത്ഥിക്ക് ആ രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നം അനുവദിക്കണം. ഒരു സ്ഥാനാർത്ഥിക്ക് ചിഹ്നം അനുവദിച്ചു കൊടുത്ത ഓരോ
സംഗതിയിലും വരണാധികാരി അങ്ങനെ നിശ്ചയിച്ചു കൊടുത്ത ചിഹ്നത്തെപ്പറ്റി ആ
സ്ഥാനാർഥിയെ ഉടനടി അറിയിക്കേണ്ടതും അതിന്‍റെ ഒരു മാതൃക അയാൾക്ക് നൽകേണ്ടതുമാണ്. |
|